കോഴിക്കോട്: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പതിവില്‍കവിഞ്ഞ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങി ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസ്-ലീഗ് കേന്ദ്രങ്ങളില്‍ കടുത്ത നിരാശ. 40 വര്‍ഷം തുടര്‍ച്ചയായി എല്‍.ഡി.എഫ് ഭരിക്കുന്ന കോര്‍പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെ യു.ഡി.എഫ്. അതിനുവേണ്ടി കാര്യമായ ‘ഹോംവര്‍ക്കുകള്‍’ യു.ഡി.എഫിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല എങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ കോര്‍പറേഷന്‍ പിടിച്ചെടുക്കാനാവുമെന്ന പ്രതീതിയുണ്ടായിരുന്നു. പ്രചാരണത്തിലും യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഉമ്മന്‍ ചാണ്ടി, എ.കെ. ആന്‍റണി, വി.എം. സുധീരന്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ നഗരത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ ആവേശമുണര്‍ത്തി പ്രചാരണത്തിനത്തെി. ഇതിനു പുറമെ മുഖ്യമന്ത്രി ജനകീയ സംവാദമെന്ന പേരില്‍ ജനസമ്പര്‍ക്ക പരിപാടിവരെ നടത്തി.
സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കവും റെബല്‍ശല്യവും മുന്‍കാലങ്ങളേക്കാള്‍ കുറ്റമറ്റ രീതിയില്‍ പരിഹരിച്ചു. എല്‍.ഡി.എഫിന്‍െറ ഉറച്ച കോട്ടകളില്‍ പോലും അട്ടിമറിക്കാന്‍ പാകത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചിട്ടയോടെ പ്രവര്‍ത്തിച്ചു. പതിവിന് വിപരീതമായി യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കോംട്രസ്റ്റ് ഭൂമി വിവാദമുയര്‍ത്തി പ്രചാരണത്തിന്‍െറ അവസാനഘട്ടത്തില്‍ എല്‍.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കി. എല്ലാറ്റിലുമുപരി എം.കെ. രാഘവന്‍ എം.പിയുടെ തന്ത്രപരമായ ഒറ്റയാള്‍നീക്കങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കൂട്ടിക്കിഴിക്കലുകള്‍ക്ക് ശേഷവും ഭരണം കിട്ടുമെന്നുതന്നെയായിരുന്നു യു.ഡി.എഫിന്‍െറ കണക്ക്.
സാധാരണ മുസ്ലിംലീഗ് ആണ് സജീവപ്രവര്‍ത്തനം കാഴ്ചവെക്കാറുള്ളത് എങ്കില്‍ ഇത്തവണ കോണ്‍ഗ്രസും മടികൂടാതെ രംഗത്തുണ്ടായിരുന്നു. ഇതിന്‍െറ ഫലമാണ് നഗരത്തില്‍ പോളിങ് ശതമാനം കൂടിയത് എന്നുവരെ കണക്കുകൂട്ടലുണ്ടായി.
പതിവ് തെറ്റിച്ച് ഫ്ളാറ്റുകളില്‍നിന്ന് വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിങ് ബൂത്തിലത്തെിയത് വലിയ പ്രതീക്ഷ നല്‍കിയത് യു.ഡി.എഫിനായിരുന്നു. എന്നാല്‍, എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ച് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമിടയില്‍ കടുത്ത മൗനം രൂപപ്പെട്ടിരിക്കുകയാണ്.
കോണ്‍ഗ്രസിന് ലഭിച്ചുവന്ന വോട്ട് കൂട്ടത്തോടെ ബി.ജെ.പിക്ക് പോയി എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുസ്ലിംലീഗിനു ലഭിച്ചുപോന്ന വോട്ട് സി.പി.എം നേടി. എം.കെ. മുനീറിന്‍െറ മണ്ഡലത്തില്‍നിന്നു മാത്രം 4000ത്തോളം വോട്ട് യു.ഡി.എഫില്‍നിന്ന് ചോര്‍ന്നു എന്നാണ് കണക്ക്. ഇതില്‍ നല്ളൊരു പങ്കും മുസ്ലിംലീഗിന്‍െറതാണ്.
ബീഫ് രാഷ്ട്രീയം സി.പി.എം നന്നായി വേവിച്ചപ്പോള്‍ അതിന്‍െറ ഗുണം ബി.ജെ.പിക്കുകൂടി ലഭിച്ചു എന്നു വേണം വിലയിരുത്താന്‍. വര്‍ഗീയമായ ധ്രുവീകരണം അതിനിടയില്‍ നടന്നു. ഇതിന് വലിയ വില നല്‍കേണ്ടിവന്നത് കോണ്‍ഗ്രസിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.